മണിയാർ: ഷട്ടറില്ലാതെ കുതിച്ചൊഴുകിയ മണിയാർ സംഭരണിയുടെ താഴെയുള്ള പ്രദേശങ്ങളിൽ നദി കരകവിഞ്ഞെത്തിയതിനെ തുടർന്ന് തകർന്നത് രണ്ട് വീടുകൾ. പതിനഞ്ച് വീടുകളിൽ വെള്ളം കയറി.
ഡാമിനു താഴെ കൊച്ചുവെളിയിൽ രമേശന്റെ വീട് പൂർണമായി തകർന്നു. ഹൃദ്രോഗിയായ രമേശന്റെ വീട് 2018ലെ പ്രളയത്തിലും തകർന്നിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് വീട് പുനർനിർമിച്ചത്. ഏകമകൻ മുങ്ങി മരിച്ചതിനെ തുടർന്ന് രമേശനും ഭാര്യ വിജയമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ഒന്നിന് പുലർച്ചെ മൂന്നോടെയാണ് രമേശന്റെ വീടിനെ വെള്ളം കവർന്നത്. അപകടത്തിന് തൊട്ടുമുൻപ് രമേശനും ഭാര്യയും വീട്ടിൽനിന്ന് മാറി. ഭിത്തിയും മേൽക്കൂരയും പൂർണമായും തകർന്നു. ഭിത്തി നിർമിച്ച ഇഷ്ടിക വീടിന്റെ അടിത്തറയിൽ കൂട്ടിയിട്ടിരിക്കുന്നു. കട്ടിലുകളും കസേരകളും ഒടിഞ്ഞു. കിട്ടിയ സാധനങ്ങൾ സമീപത്തെ കെട്ടിടത്തിന് മുന്നിൽ കൂട്ടിവച്ചു. സഹോദരിയുടെ വീട്ടിലേക്ക് രമേശനും വിജയമ്മയും താമസം മാറി.
തൊട്ടടുത്തു തമസിക്കുന്ന വാലുപറമ്പിൽ ശാന്തമ്മയുടെ വീടിന്റെ പകുതിയോളം കക്കാട്ടാർ കവർന്നു. എഴുപത്തിരണ്ടു കാരിയായ ശാന്തമ്മ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. കാൻസർ രോഗിയാണ്. ഭർത്താവും മകനും മരിച്ചു. കൊച്ചുമകനൊപ്പമാണ് താമസം. ശാന്തമ്മയും സമീപത്തെ വെള്ളം കയറിയ വീടുകളിലെ ആളുകളും ബന്ധുവീടുകളിലേക്ക് മാറി.
വെള്ളം കയറിയ മറ്റു വീടുകളിലുള്ളവർക്ക് ബാങ്ക് രേഖകളടക്കം നഷ്ടപ്പെട്ടു. ഡാമിന്റെ ഷട്ടർ ഭിത്തികൾക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതേത്തുടർന്ന് കക്കാട്ടാറിൽ തന്നെയുള്ള പെരുനാട്ടിലെ കെഎസ്ഇബി പവർ ഹൗസും മുങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം പവർഹൗസിനുമുണ്ടായിട്ടുണ്ട്. 2018ലും പവർ ഹൗസിലെ ജനറേറ്ററുകൾക്ക് സാരമായ കേടുപാടുകളുണ്ടായിരുന്നു.